മൂന്നുമുറി പള്ളിയില്‍ ഊട്ടുതിരുനാളിന് കൊടികയറി

Written By Unknown on Sunday, 24 August 2014 | 23:24


കൊടകര : മൂന്നുമുറി പള്ളിയില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ സ്‌നാപക യോഹന്നാന്റെ ഊട്ടുതിരുന്നാളിന് കൊടികയറി. 31 നാണ് തിരുന്നാള്‍. രാവിലെ 6.30ന് ദിവ്യബലിയും തുടര്‍ന്ന് ഊട്ടുവെഞ്ചിരിപ്പും ഉണ്ടാകും.
10ന് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബ്ബാനക്ക് തൃശൂര്‍ അതിരൂപത വികാരി ഫാ. സെബി പുത്തൂര്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.  ഫാ. സഖറിയാസ് എടാട്ട് തിരുനാള്‍ സന്ദേശം നല്‍കും. വികാരി ഫാ.വര്‍ഗീസ് പാലത്തിങ്കല്‍, സിന്റോ ചേറു, ബെന്നി തൊണ്ടുങ്ങല്‍, ജസ്റ്റിന്‍ മാങ്കുടിയില്‍ എന്നിവര്‍ ,പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കൊടകര ശാന്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ വാര്‍ഷികാഘോഷം ശനിയാഴ്ച


കൊടകര : കൊടകര ശാന്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ മൂന്നാമത് വാര്‍ഷികം ശനിയാഴ്ച ആഘോഷിക്കും. ഉച്ചതിരിഞ്ഞ് 3ന് സിംസ് ഓഡിറ്റോറിയത്തില്‍ കൊടകര പൊലീസ് എസ്.ഐ. കെ.കെ. ഷണ്‍മുഖന്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഇ.എ. ഭാസ്‌കരന്‍ അധ്യക്ഷനാകും.

എട്ടേക്കറില്‍ സപ്തതിയിലും പൊന്ന് വിളയിച്ച് ചാക്കുണ്ണി


കൊരട്ടി: പൈതൃകമായി കിട്ടിയ കൃഷിഭൂമിയെ എഴുപതാം വയസ്സിലും നിറവിളവാക്കുകയാണ് ആറ്റപ്പാടത്തെ ചാമക്കാല ചാക്കുണ്ണിച്ചേട്ടന്‍. 
ഒരിഞ്ച് ഭൂമിപോലും തരിശില്ലാത്ത എട്ടേക്കറാണ് മുരിങ്ങൂര്‍ ചാക്കുണ്ണി വെള്ളവും വളവും പരിചരണവും നല്‍കി വിളനിലമാക്കുന്നത്. നാടന്‍ വിഭവങ്ങള്‍ മുതല്‍ വിദേശികള്‍ ഇഷ്ടപ്പെടുന്ന മങ്കോസ്റ്റിന്‍ വരെ എട്ടേക്കറില്‍ വളരുന്നു. അതിരാവിലെ മുതല്‍ ദിനചര്യപോലെ കൃഷിയിടത്തിലിറങ്ങുന്ന എഴുപതുകാരന് ദൂരെനിന്നാലറിയാം ഓരോ വിളയുടെയും തളര്‍ച്ചയും വളര്‍ച്ചയും. കൃഷിയിടത്തില്‍ കര്‍ക്കശക്കാരനായതിനാലാകും ചുറ്റുവട്ടത്തുള്ള കൃഷിനാശങ്ങളോ രോഗ കീടങ്ങളോ ചാക്കുണ്ണിച്ചേട്ടന്റെ കൃഷിയിടത്തിലേക്ക് എത്തിനോക്കാറില്ല. ചുറ്റുവട്ടത്ത് ജാതിക്കും തെങ്ങിനും റബ്ബറിനുമൊക്കെ രോഗബാധ വന്നപ്പോഴും ചാക്കുണ്ണിയുടെ കൃഷിയിടം രോഗകീടങ്ങളില്‍നിന്ന് അകന്നു നിന്നു. അതാണ് അദ്ദേഹത്തിന്റെ കാര്‍ഷികവിജയവും. 
കേരകര്‍ഷകരില്‍ പലരും തെങ്ങുകള്‍ വെട്ടിമാറ്റിയപ്പോള്‍ ഓരോ വര്‍ഷവും അമ്പത് തെങ്ങിന്‍തൈ പുതുതായി വച്ചാണ് ചാക്കുണ്ണിച്ചേട്ടന്‍ പഞ്ചായത്തിന്റെ കേരകര്‍ഷക പട്ടം സ്വന്തമാക്കിയത്. ചാക്കുണ്ണി ച്ചേട്ടന്റെ കേരകൃഷിയുടെ മികവിലാണ് കൊരട്ടി ഗ്രാമപ്പഞ്ചായത്ത് 2009ല്‍ ഗ്രീന്‍ കേരളയുടെ പത്തുലക്ഷം സമ്മാനത്തിനര്‍ഹമായത്. ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജലസേചനത്തിന് സൗകര്യം നല്‍കി പഞ്ചായത്ത് ഇദ്ദേഹത്തിന്റെ അധ്വാനത്തെ ആദരിച്ചു.
അഞ്ഞൂറോളം കായ്ഫലമുള്ള ജാതിയും രണ്ടായിരം എത്തവാഴയും മൂവ്വായിരത്തോളം പലയിനം വാഴകളും വിളകള്‍ക്ക് മാതൃകയായി ഈ എട്ടേക്കറില്‍ ഉണ്ട്. കൂര്‍ക്ക, ചേമ്പ്, ചേന തുടങ്ങി വിവിധയിനം ഇട വിളകള്‍ വേറെയും. ജീവിതത്തിലെന്നപോലെ കൃഷിയിലും ചാക്കുണ്ണി ച്ചേട്ടനൊപ്പം സജീവമായി ഭാര്യ തങ്കമണിയുമുണ്ട്. ഉറ്റസുഹൃത്തും സഹായിയുമായ ഐനിക്കാടന്‍ തങ്കപ്പന്റെ സഹായം വേറെയും.
റമ്പുട്ടാന്‍, മുള്ളത്ത, സൗദി അറേബ്യന്‍ വിഭവമായ അവക്കാല, പ്ലൂവ്, മാവ് തുടങ്ങിയവയും ഈ ഭൂമിയില്‍നിന്ന് ഫലങ്ങള്‍ നല്‍കുന്നു.
പാരമ്പര്യമായി നടത്തിയിരുന്ന ബസ് സര്‍വ്വീസുകളുടെ ചുമതല സഹോദരങ്ങളെ ഏല്പിക്കുകയും ടാങ്കര്‍ ലോറികളുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തതോടെ റെയില്‍വേ സ്റ്റേഷനരികിലെ റേഷന്‍ കടമാത്രമാണ് കൃഷിക്കപ്പുറത്തെ ഏക ലോകം. കൃഷിയിലേക്ക് മാത്രം ഒതുങ്ങിയതോടെ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് പകരം സുഖനിദ്രയും സന്തോഷവുമാണ് എടുത്തുപറയത്തക്ക നേട്ടമെന്ന് ചാക്കുണ്ണി പറയുന്നു. കൃഷിയിടത്തിലെ സംഘാടകമികവാകാം റേഷന്‍ കടക്കാരുടെ അസോസിയേഷന്‍ പ്രസിഡന്റാണ് കാലങ്ങളായി ഇദ്ദേഹം. 

ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണന: ധര്‍ണ്ണ നടത്തും


ചാലക്കുടി: ചാലക്കുടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് സപ്തംബര്‍ ഒന്നിന് 10 മുതല്‍ 5 വരെ റെയില്‍വേ സ്റ്റേഷനു മുമ്പില്‍ ധര്‍ണ്ണ നടത്താന്‍ റെയില്‍വേ വികസന സംരക്ഷണ സമിതി കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. നിലവിലുള്ള യാത്രാവണ്ടികളുടെ സ്റ്റോപ്പ് നിലനിര്‍ത്തുക, കൂടുതല്‍ വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, െറയില്‍വേ സ്റ്റേഷന്റെ ക്ലൂസ്സ് ഉയര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ കണ്‍വെന്‍ഷന്‍ ഉന്നയിച്ചു. ആവശ്യം ഉന്നയിച്ച് സമരപരിപാടികള്‍ നടത്താനും തീരുമാനിച്ചു. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നഗരസഭാ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍ ഉദ്ഘാടനം ചെയ്തു. ചാലക്കുടി െറയില്‍വേ വികസന സംരക്ഷണ സമിതി ചെയര്‍മാന്‍ ടി. പ്രദീപ്കുമാര്‍ അധ്യക്ഷനായി. പ്രതിപക്ഷനേതാവ് പി.എം. ശ്രീധരന്‍, ഷിബു വാലപ്പന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയ് മൂത്തേടന്‍, പി.കെ. ഗിരിജാവല്ലഭന്‍, സി.കെ. പോള്‍, സി. മധുസൂദനന്‍, ബി.പി. അപ്പുക്കുട്ടന്‍, ജനറല്‍ കണ്‍വീനര്‍ പോളി റാഫേല്‍, ബാബു മൂത്തേടന്‍, വിത്സന്‍ കല്ലന്‍, കെ. അനില്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

ഗണേശോല്‍സവം ആഘോഷിക്കും


ചാലക്കുടി: സനാതന ധര്‍മ്മജാഗരണ സമിതി ആഗസ്ത് 29,30,31 തീയ്യതികളില്‍ അന്നനാട് ജങ്ഷനില്‍ ഗണേശോത്സവം നടത്തും. സംഘാടക സമിതി രൂപവത്കരിച്ചു. ഭാരവാഹികള്‍-കെ.എ. സുനീഷ്(പ്രസി), നന്ദകുമാര്‍(ആഘോഷ് പ്രമുഖ്),സി.വി. രമേശന്‍(ഖജ)

അടിസ്ഥാന സൗകര്യങ്ങളില്ല; ബാലാരിഷ്ടതകള്‍ മാറാതെ ചാലക്കുടി ഫയര്‍‌സ്റ്റേഷന്‍


ചാലക്കുടി: പ്രവര്‍ത്തനം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ചാലക്കുടി ഫയര്‍ സ്റ്റേഷെന്റ കഷ്ടതകള്‍ക്ക് അറുതിയായില്ല. ജില്ലയില്‍ 9 സ്റ്റേഷനുകള്‍ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനമേഖല നിശ്ചയിക്കപ്പട്ട സ്റ്റേഷനാണ് ചാലക്കുടി. തമിഴ്‌നാട് അതിര്‍ത്തിയായ മലക്കപ്പാറ വരെ നീളുന്നു ഈ അഗ്നിസുരക്ഷാസേനയുടെ സേവനമേഖല. ഫയര്‍ സ്റ്റേഷനില്‍നിന്ന് മലക്കപ്പാറയിലെത്തണമെങ്കില്‍ 85-ലധികം കിലോമീറ്റര്‍ യാത്ര ചെയ്യണം.
വര്‍ഷത്തില്‍ പലപ്രാവശ്യവും മലയോരമേഖലയിലേക്ക് രക്ഷാസേനയുടെ വാഹനങള്‍ പുറപ്പെടേണ്ടി വരുന്നു. എന്നാല്‍ ചാലക്കുടിയില്‍ ആകെയുള്ളത് രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകളാണ്. ഇതില്‍ ഒന്ന് പലപ്പോഴും ഉപയോഗത്തില്‍ കിട്ടാറില്ല. മറ്റു സ്റ്റേഷനുകളിലെ സേവനത്തിനു നിശ്ചയിക്കപ്പട്ടതു കൊണ്ടോ തകരാറുകള്‍ മൂലമോ ഒരെണ്ണം ഉപയോഗത്തിനുണ്ടാവാറില്ല. 38 ജീവനക്കാരാണ് ഇവിടെ വേണ്ടത്. ഇതില്‍ 18 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
പീരുമേട് സ്റ്റേഷന്‍മാസ്റ്റര്‍ക്കാണ് ചാലക്കുടിയുടെ ചാര്‍ജ്. ഫയര്‍‌സ്റ്റേഷനു സ്വന്തമായി ആംബുലന്‍സോ ജീപ്പോ ഇല്ല. ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വാടകക്കെട്ടിടത്തിലാണ് അഗ്നി രക്ഷാസേനയുടെ പ്രവര്‍ത്തനം. ഇതിന്റെ പലഭാഗങ്ങളും ചോര്‍ന്നൊലിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ജാഗരൂഗരായിരിക്കുന്ന ജീവനക്കാര്‍ക്ക് കിടക്കാന്‍ പോലും ഇടമില്ല. ചോര്‍ന്നൊലിക്കുന്ന മുറിയിലാണ് കിടപ്പ്. കക്കൂസും കുളിമുറിയും തകര്‍ന്നു വീഴാറായ നിലയിലാണ്. മുന്‍സിപ്പാലിറ്റിയുടെതാണ് സ്ഥലവും കെട്ടിടവും. ഫയര്‍‌സ്റ്റേഷന് പുതിയസ്ഥലം നല്‍കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ഒടുവില്‍ ക്രിമറ്റോറിയത്തിന് സമീപമാണ് നഗരസഭ സ്ഥലം അനുവദിച്ചത്. ഇത് യോജിച്ച സ്ഥലമല്ലെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് കോടതിക്ക് സമീപമുള്ള സര്‍ക്കാര്‍ വക ഭൂമിക്കായി ശ്രമം തുടങ്ങി. ദേശീയപാത വികസനത്തിനായി ഈ ഭൂമി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതു മൂലം ഈ സ്ഥലവും ലഭ്യമല്ലെന്ന് പറയുന്നു. 
'റീഫ്രാക്ടറീസി'ന്റെ ഭൂമി താലൂക്ക് ഓഫീസിനായി നഗരസഭ വിട്ടു നല്‍കുേമ്പാള്‍ അതില്‍ 50 സെന്റ് ഭൂമി ഫയര്‍‌സ്റ്റേഷനായി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ലാന്‍ഡ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്. നഗരസഭ പച്ചക്കൊടി കാട്ടിയാലെ ഇതിലും തീരുമാനം ഉണ്ടാകു.

പരിങ്ങല്‍ക്കുത്തിലെ മൂന്നാം നമ്പര്‍ജനറേറ്ററിന്റെ നവീകരണം തുടങ്ങി


അതിരപ്പിള്ളി: പെരിങ്ങല്‍ക്കുത്ത് പവര്‍ഹൗസിലെ മൂന്നാംനമ്പര്‍ ജനറേറ്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഴയ പവര്‍ഹൗസിലെ നാല് ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളുമാണ് മാറ്റിസ്ഥാപിക്കുന്നത്.
ഇതില്‍ ഒന്നാംനമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ ഏപ്രിലിലും രണ്ടാംനമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ ആഴ്ചയും പൂര്‍ണ്ണമായി മാറ്റിസ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. 
നിലവില്‍ എട്ട് മെഗാവാട്ട്‌ ൈവദ്യുതി ഉത്പാദിപ്പിക്കുന്ന ഓരോ ജനറേറ്ററും മാറ്റിസ്ഥാപിക്കുമ്പോള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കാതെ തന്നെ ഒന്‍പത് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. 
വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ കൃത്യതയും വേഗവും നല്‍കാനായി കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനമായ പ്രോഗ്രാമബിള്‍ ലോജിക് കണ്‍ട്രോളര്‍ (പി.എല്‍.സി.), വൈദ്യുതി ലോഡ് ഡെസ്​പാച്ച് സെന്ററില്‍നിന്ന് തന്നെ വൈദ്യുതി ഉത്പാദനം നിയന്ത്രിക്കാന്‍ സാധിക്കുന്ന സൂപ്പര്‍വൈസറി കണ്‍ട്രോളര്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ സിസ്റ്റം (സ്‌കാഡ) തുടങ്ങി ആധുനിക രീതിയിലുള്ള ഉപകരണങ്ങളും പുതുതായി സ്ഥാപിക്കുന്നുണ്ട്.
ഏകദേശം 52 കോടി രൂപയുടെ പദ്ധതിയാണ് നവീകരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍തന്നെ മുടക്കുമുതല്‍ ലഭിക്കുമെന്നാണ് വൈദ്യുതിവകുപ്പ് അധികൃതരുടെ പ്രതീക്ഷ. 1957ല്‍ ബ്രിട്ടീഷ് കമ്പനി സ്ഥാപിച്ച ജനറേറ്ററുകളാണ് ഇപ്പോള്‍ മാറ്റിസ്ഥാപിക്കുന്നത്.

റെയില്‍വെ ഗേറ്റ് അടച്ചിടും


ചാലക്കുടി: കൊരട്ടി-കറുകുറ്റി സ്റ്റേഷനുകള്‍ക്കിടയിലുള്ള ചിറങ്ങര റെയില്‍വേഗേറ്റ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ അടച്ചിടുമെന്ന് റെയില്‍വേ സീനിയര്‍ സെക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തില്‍ നടന്ന SAMPLE വെടിക്കെട്ട്‌

Written By Unknown on Wednesday, 19 February 2014 | 21:52

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.