പാവങ്ങളെ സഹായിക്കാന്‍ ഓണച്ചന്ത

Written By Unknown on Wednesday, 3 September 2014 | 02:58


അതിരപ്പിള്ളി: നാട്ടിലെ പാവങ്ങളുടെ കണ്ണീരൊപ്പാന്‍ ഓണച്ചന്തയുമായി അരൂര്‍മുഴി സെന്റ് വിന്‍സെന്റ് ഡിേപാള്‍ സൊസൈറ്റി പ്രവര്‍ത്തകര്‍. നാട്ടുകാര്‍ക്ക് വിലക്കുറവില്‍ പച്ചക്കറികള്‍ ലഭ്യമാക്കുന്നതോടൊപ്പം അതില്‍നിന്ന് ലഭിക്കുന്ന ചെറിയ ലാഭംമുഴുവന്‍ പാവപ്പെട്ടവരെ സഹായിക്കുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
അരൂര്‍മുഴി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഓണച്ചന്ത അരൂര്‍മുഴി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. ഷാബു പുത്തൂര്‍ ഉദ്ഘാടനം ചെയ്തു. അയ്യപ്പക്ഷേത്രസമാജം പ്രസിഡന്റ് സുരേന്ദ്രന്‍ പതിയാരി, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പുളിക്കന്‍, വിനോയ്‌ െവെലിക്കുടത്ത്, സെബാസ്റ്റ്യന്‍ നെടുങ്ങാട്, പോള്‍സന്‍ കുറ്റിപ്പുഴക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. 

കക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ തുടങ്ങിയില്ല


ചാലക്കുടി: സൗകര്യങ്ങള്‍ ഉണ്ടായിട്ടും കാതിക്കുടത്തെ കക്കാട് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ കിടത്തിച്ചികിത്സ തുടങ്ങിയില്ല. കിടത്തിച്ചികിത്സിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ള ഹെല്‍ത്ത് സെന്റര്‍ കൂടിയാണിത്.
ജില്ലയില്‍ ഏറ്റവും പഴക്കമുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ഒന്നാണിത്. ഈ ആരോഗ്യകേന്ദ്രത്തില്‍ ആദ്യകാലങ്ങളില്‍ കിടത്തിച്ചികിത്സ ഉണ്ടായിരുന്നു. രോഗികളെ കിടത്താവുന്ന രണ്ട് വാര്‍ഡുകളുള്ള കെട്ടിടം ഇവിടെയുണ്ട്. തൊട്ടടുത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഓഫീസ് സൗകര്യവുമുണ്ട്.
കിടത്തിച്ചികിത്സാ സൗകര്യമുള്ള കെട്ടിടത്തിലാണ് ഇപ്പോള്‍ ഒ.പി. വിഭാഗം പ്രവര്‍ത്തിക്കുന്നത്. ഒ.പി. വിഭാഗത്തിനായി നിര്‍മ്മിച്ച പുതിയ കെട്ടിടം ഇനിയും തുറന്നിട്ടില്ല. കെട്ടിടത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കിലും വയറിങ്, പ്ലൂബിങ് പോലുള്ള ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്.
ഒ.പി. വിഭാഗവും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. പഴയ ബില്‍ഡിങ്ങില്‍ കിടത്തിച്ചികിത്സ തുടങ്ങണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിേവദനം നല്‍കിയിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്തംഗം ഷേര്‍ളി പോള്‍ അറിയിച്ചു

ദേശീയപാത: അഞ്ചു കിലോമീറ്ററിനുള്ളില്‍ ഇരുപതിലധികം കുഴികള്‍



എന്‍.എച്ച്. 47-ല്‍ പ്രധാന പാതയിലും റോഡിലും കുഴികളുടെ എണ്ണം പെരുകി. അപടകഭീഷണിയുയര്‍ത്തുന്ന കുഴികള്‍ അടയ്ക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. മുരിങ്ങൂര്‍ മുതല്‍ പോട്ട വരെയുള്ള അഞ്ചു കിലോമീറ്ററിനുള്ളില്‍ പ്രധാന പാതയിലുള്ളത് ഇരുപതിലധികം വലിയ കുഴികളാണ്. സര്‍വ്വീസ് റോഡിലാകട്ടെ കുഴികളില്‍ വീണ് ഇരുചക്രവാഹന യാത്രക്കാര്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമാണ്.
ചാലക്കുടിപ്പാലം കഴിഞ്ഞ് ടൗണിലേക്ക് തിരിയുന്ന ഭാഗത്ത് സര്‍വ്വീസ് റോഡിലാണ് ഏറ്റവും വലിയ കുഴിയുള്ളത്. റോഡിന്റെ വീതിയ്‌ക്കൊപ്പം തന്നെ വലിപ്പമുള്ള കുഴിയാണിവിടെയുള്ളത്. കുഴികളില്‍ വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ അപകടസാധ്യത കൂടുതലാണ്. പോട്ട ൈഫ്ലഓവറിനു സമീപമുള്ള കുഴിയില്‍ വീണ് കഴിഞ്ഞയാഴ്ച കാറിന്റെ മുന്‍ഭാഗത്തെ രണ്ടു ടയറുകള്‍ പൊട്ടി. ഇതേത്തുടര്‍ന്ന് അവിടത്തെ കുഴികള്‍ മാത്രം അടച്ചു. ബാക്കി കുഴികള്‍ പഴയപോലെതന്നെ.
ചാലക്കുടി മുനിസിപ്പല്‍ ജങ്ഷന് സമീപത്തുകൂടെ ശ്രദ്ധിച്ചു വാഹനം ഓടിച്ചില്ലെങ്കില്‍ അപകടമുണ്ടാകുമെന്നുറപ്പാണ്. റോഡരികിലെ കാനകള്‍ യഥാസമയം വൃത്തിയാക്കാത്തതിനാല്‍ പ്രധാന പാതയിലും സര്‍വ്വീസ് റോഡിലും വെള്ളക്കെട്ടുണ്ട്. പല ഭാഗത്തും വഴിവിളക്കുകള്‍ കത്തുന്നില്ല. രാത്രിസമയങ്ങളില്‍ സര്‍വ്വീസ് റോഡുകളില്‍പ്പോലും കാല്‍നടയാത്ര അസാധ്യമാണ്. 
ടോള്‍ പിരിച്ച് ഗതാഗതം നടത്തുന്ന റോഡായതിനാല്‍ യുദ്ധകാലാടിസ്ഥാനത്തില്‍ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍, കരാറുകാര്‍ അതിന് തുനിയാറില്ല. നിയമപാലകരും ജനപ്രതിനിധികളും ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണ്.

കൊടകര കുംഭാരത്തെരുവിലെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന്‍ നിര്‍മ്മാണം തകൃതി


കൊടകര: ഓണമടുത്തതോടെ, തിരുവോണപ്പുലരിയില്‍ മുറ്റത്ത് തൂശനിലയില്‍ അണിയിച്ചൊരുക്കാനുള്ള തൃക്കാക്കരയപ്പനുകളുടെ നിര്‍മ്മാണവും വില്പനയും കൊടകര കുംഭാരത്തെരുവില്‍ തകൃതിയാണ്. കളിമണ്‍പാത്രനിര്‍മ്മാണം നടത്തുന്നവര്‍ ഇപ്പോള്‍ ഇവിടെ കുറവാണെങ്കിലും തൃക്കാക്കരയപ്പന്‍ നിര്‍മ്മാണത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും സജീവമാണ്. 
കര്‍ക്കടകം മുതലേ ഓണവിപണിയിലേക്കുള്ള കളിമണ്‍രൂപങ്ങളുടെ പണി ഇവര്‍ തുടങ്ങും. കുട്ടികളും മുതിര്‍ന്നവരും ഈ വീടുകളില്‍ ഓണക്കാലത്തെ നിര്‍മ്മാണങ്ങളില്‍ ഒത്തൊരുമിക്കും. ആറിഞ്ച് മുതല്‍ രണ്ടരയടി വരെ ഉയരമുള്ള തൃക്കാക്കരയപ്പനുകള്‍ ഇവര്‍ ഒരുക്കുന്നുണ്ട് . 20 രൂപ മുതല്‍ 300 രൂപവരെ വലുപ്പത്തിനനുസരിച്ച് വിലയും പലതാണ്. കുംഭാരസമുദായക്കാരായ സ്ത്രീകളാണ് ഓണക്കാലത്ത് തൃക്കാക്കരയപ്പന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നത്. ഓട്ടുകമ്പനിയില്‍നിന്നും കളിമണ്ണ് വാങ്ങിക്കൊണ്ടുവന്നാണ് നിര്‍മ്മാണം. കളിമണ്ണുകുഴച്ച് പരുവപ്പെടുത്തി തൃക്കാക്കരയപ്പനുകള്‍ ഉണ്ടാക്കി, ഉണക്കിയെടുത്ത ശേഷം നിറം കൊടുക്കും. പണ്ടൊക്കെ ഓട്, ഇഷ്ടിക എന്നിവ പൊടിച്ചാണ് കളറുണ്ടാക്കിയിരുന്നത്. ഇന്ന് കടയില്‍നിന്നും വാങ്ങുന്ന ചായവും ഉപയോഗിക്കുന്നു. കൊടകരയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും വഴിയോരത്തും ഇവര്‍ നിര്‍മ്മിച്ച തൃക്കാക്കരയപ്പന്റെ വില്പനയും അത്തം നാള്‍ മുതലേ ആരംഭിച്ചു കഴിഞ്ഞു.
തൃശ്ശൂരിലും ഇരിഞ്ഞാലക്കുടയിലും കോടാലിയിലും വിപുലമായ വിപണന മേളകളിലും തങ്ങളുടെ തൃക്കാക്കരയപ്പനുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കുംഭാരത്തെരുവിലെ പുത്തന്‍വീട്ടില്‍ ശിവദാസന്‍ പറഞ്ഞു. പുതിയ ഡിസൈനുകള്‍ വരച്ചും നിറം കൊടുത്തും ഇക്കുറി ആകര്‍ഷകമായ തൃക്കാക്കരയപ്പനുകള്‍ ഇവര്‍ ഓണവിപണിയിലെത്തിക്കുന്നു.

കൊടകര മാവേലി സ്റ്റോറിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി

Written By Unknown on Monday, 1 September 2014 | 01:45


കൊടകര : വിവിധ ആവശ്യങ്ങളുന്നയിച്ച് കൊടകര ഡി.വൈ.എഫ്.ഐ. കൊടകര ബ്ലോക്ക് കമ്മിറ്റി കൊടകര മാവേലിസ്‌റ്റോറിലേക്ക് മാര്‍ച്ച് നടത്തി. വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, സബ്‌സിഡി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
സി.പി.ഐ.എം കൊടകര ഏരിയാ കമ്മിറ്റി അംഗം കെ.ജെ ഡിക്‌സന്‍ ഉദ്ഘാടനം ചെയ്തു. എം.വി. സതീഷ് ബാബു അദ്ധ്യക്ഷനായി. പി.ആര്‍. പ്രസാദന്‍, അജിതാ രാധാകൃഷ്ണന്‍, കെ.സി. ജെയിംസ്, സി.എം.ബബീഷ്, പി.കെ. കിനോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

ട്രേഡ് യൂണിയന്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ആവശ്യം ; കെ. മുരളീധരന്‍


കൊടകര : ട്രേഡ് യൂണിയന്‍ സ്ഥാപനത്തിന്റെ വളര്‍ച്ചക്ക് ആവശ്യമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പേരാമ്പ്ര അപ്പോളോ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) ഒരുവര്‍ഷമായി നടന്നു വന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.പി.വിന്‍സെന്റ് എം.എല്‍.എ. അധ്യക്ഷനായി.
യൂണിയന്‍ ജന. സെക്രട്ടറി കെ.എ. ജോയി, അപ്പോളോ എച്ച് ആര്‍ ഹെഡ് എ.എസ്. ഗിരീഷ്, ചാലക്കുടി മുനിസിപ്പല്‍ ചെയര്‍മാന്‍ വി.ഒ. പൈലപ്പന്‍, യൂണിയന്‍ വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, പോള്‍ മംഗലന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ.കെ. നാരായണന്‍, ഐ.എല്‍.ആന്റോ, ടി.എന്‍. ചന്ദ്രന്‍, ബ്ലോക്ക് മെമ്പര്‍ പ്രനില ഗിരീശന്‍, സി.എ. രാജീവ് (സി.ഐ.ടി.യു.), ടി.സി. സേതുമാധവന്‍ (ബി.എം.എസ്.), ഷാജി തിലകന്‍ (എ.ടി. ഡബ്ലിയു.എം), ഷൈന്‍ മുണ്ടക്കല്‍, ഡേവീസ് കോക്കാടന്‍, നിക്‌സന്‍ വി.എസ്, കെ.വി. പോള്‍സന്‍ എന്നിവര്‍ സംസാരിച്ചു. സില്‍വര്‍ ജൂബിലി സോവനീര്‍ ‘സ്വരം 2014′ പ്രകാശനം ചെയ്തു.
എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ അപ്പോളോ ജീവനക്കാരുടെ മക്കളായ വിദ്യാര്‍ത്ഥികളെ ആദരിച്ച് അവാര്‍ഡ് നല്‍കി. സിവില്‍ സര്‍വ്വീസില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പേരാമ്പ്ര നിവാസി ടി.എ. കിരണിനെ ആദരിച്ചു. ജീവകാരുണ്യ സഹായമായി ഡയാലിസീസ് ചെയ്യുന്നതിന് ഒരു ദിവസത്തെ മുഴുവന്‍ തുകയും ചാലക്കുടി സെന്റ് ജെയിംസ് ഹോസ്പിറ്റലിനുവേണ്ടി ഫാ. ജിനു വെണ്ണാട്ടുപറമ്പില്‍ ഏറ്റുവാങ്ങി. യൂണിയന്‍ നേതാക്കളടക്കം നൂറുപേര്‍ അവയവദാന സമ്മതപത്രം കിഡ്‌നി ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ കോഡിനേറ്ററും കിഡ്‌നി ദാതാവുമായ അജിത് കുമാറിന് കൈമാറി.

”പ്രധാനമന്ത്രി ജന്‍ഡന്‍ യോജന” അക്കൗണ്ട് ഓപ്പണിംഗ് ക്യാമ്പ് നടത്തുന്നു


കൊടകര : പ്രധാനമന്ത്രി ആഗസ്റ്റ് 15 ന് പ്രഖ്യാപിച്ച ”പ്രധാനമന്ത്രി ജന്‍ഡന്‍ യോജന” യുടെ ഭാഗമായി എല്ലാ വീടുകളിലും സീറോ ബാലന്‍സ് അക്കൗണ്ട് തുടങ്ങുന്നതിന്റെ ഭാഗമായി സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍ ശാഖയുടെ ആഭിമുഖ്യത്തില്‍ മറ്റത്തൂര്‍ ബാങ്കിന്റെ എല്ലാ ഭാഗങ്ങളിലും അക്കൗണ്ട് ഓപ്പണിംഗ് ക്യാമ്പ് നടത്തുന്നു.  ആനപ്പാന്തം കോളനിയില്‍ അക്കൗണ്ട് ഓപ്പണിംഗ് മെഗാ ക്യാമ്പ് നടത്തി.  പ്രസ്തുത സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ഒരുലക്ഷം രൂപയുടെ ഫ്രീ ഇന്‍ഷൂറന്‍സും ഫ്രീ റുപ്പായ് എ.ടി.എം. കാര്‍ഡ് എന്നിവ ലഭിക്കും.  കൂടാതെ ഭാവിയില്‍ മറ്റ് പെന്‍ഷന്‍, ഇന്‍ഷൂറന്‍സ് ആനുകൂല്യങ്ങളും പ്രതീക്ഷിക്കാം.
പാസ്സ് ബുക്ക് വിതരണോദ്ഘാടനം 28-8-2014 ന് വൈകീട്ട് 4 ന് ശാസ്താംപൂവ്വത്തില്‍വെച്ച്  പഞ്ചായത്ത് മെമ്പര്‍ ഷിനി സന്തോഷ് ഉദ്ഘാടനം ചെയ്തു.   മീനാക്ഷി എസ്. (ചീഫ് മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക് റീജിയണല്‍ ഓഫീസ്) അധ്യക്ഷയായിരുന്നു.   സത്യപാല്‍ വി.സി. (സീനിയര്‍ മാനേജര്‍, സിന്‍ഡിക്കേറ്റ് ബാങ്ക് മറ്റത്തൂര്‍), കൊടകര ബ്ലോക്ക് ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ മൃദുല കെ.എന്‍., ഊര് മൂപ്പന്‍ നടരാജന്‍, എസ്.ടി. പ്രോമോട്ടര്‍ ശ്രീനി, ബാങ്ക് റൂറല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ ലിഖില്‍ ഇ.കെ. എന്നിവര്‍ സംസാരിച്ചു.

മേലൂര്‍ കുന്നപ്പിളളി എസ്.എന്‍. യു.പി.എസ്സില്‍ മധുരം മലയാളം


മേലൂര്‍: പ്രകൃതിസൗഹൃദ സ്‌കൂളായ കുന്നപ്പിള്ളി എസ്.എന്‍. യു.പി.എസ്സില്‍ മധുരം മലയാളം പദ്ധതി തുടങ്ങി. കര്‍ഷക അവര്‍ഡ് ജേതാവ് ചാമക്കാല ചാക്കുണ്ണി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപിക എം.പി. സുധ, സ്‌കൂള്‍ ലീഡര്‍ അനഘ പി.എസ്. എന്നിവര്‍ ചേര്‍ന്ന് മാതൃഭൂമി പത്രം എറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ് സുന്ദരന്‍ ആധ്യക്ഷ്യം വഹിച്ചു.
പ്രധാനാധ്യാപിക എം.പി. സുധ, അധ്യാപകരായ ലത നന്ദകുമാര്‍, ശുഭ കെ.എസ്., വി.വി. അംബിക, എം.ആര്‍. അനില്‍കുമാര്‍, പി.പി. സുബ്രഹ്മണ്യന്‍, പോള്‍ പി. പറമ്പി, മാതൃഭൂമി പ്രതിനിധികളായ ഷാജി വര്‍ഗ്ഗീസ്, ഭുവനേന്ദ്രന്‍, പി.ഐ. ലിബിന്‍, അനഘ പി.എസ്. എന്നിവര്‍ പ്രസംഗിച്ചു.

കാഞ്ഞിരപ്പിള്ളിയിലെ മാംസ സംസ്‌കരണഫാക്ടറിയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍


ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയില്‍ നിര്‍ദ്ദിഷ്ട മാംസ സംസ്‌കരണ ഫാക്ടറിയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. ഫാക്ടറിക്കായി 1973-ല്‍ തുടങ്ങിയ പ്രവര്‍ത്തനം ഫലത്തിലെത്താന്‍ എല്ലാ സാഹചര്യങളും ഒത്തുവന്നപ്പോഴാണ് പുതിയ പ്രശ്‌നം തലപൊക്കിയത്.
കസ്തൂരിരംഗന്‍ റിപ്പാര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ഫാക്ടറിക്കായി ഏറ്റെടുത്തതെന്നതാണ് കണ്ടെത്തല്‍. പരിയാരം വില്ലേജിലാണ് കാഞ്ഞിരപ്പിള്ളി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു പ്രകാരം പരിയാരം വില്ലേജാകട്ടെ മുഴുവനായും പരിസ്ഥിതിലോല പ്രദേശമാണ്. മാംസ സംസ്‌കരണ ഫാക്ടറി റെഡ് കാറ്റഗറി ലിസ്റ്റിലും ഉള്‍പ്പെടുന്നു. കസ്തുരി രംഗന്‍ വിഷയത്തില്‍ വ്യക്തത വന്നിട്ടേ കെട്ടിട നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ഇനിയുണ്ടാകുകയുള്ളുവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്‍ഡ്യയാണ് ഇവിടെ മാംസ സംസ്‌കരണ ഫാക്ടറി നിര്‍മ്മിക്കുന്നത്. 1973-ല്‍ കൊച്ചി രാജകുടുംബത്തിന്റ വക 14.59 ഏക്കര്‍ സ്ഥലമാണ് ഫാക്ടറിക്കായി ഏറ്റെടുത്തത് .പോത്തിറച്ചി ഫാക്ടറി നിര്‍മ്മിക്കാനാണ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക ഞെരുക്കം ഉള്‍പ്പടെയുള്ള പല വിഷയങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് നീണ്ടു പോയി. 2013-ലെ ബഡ്ജറ്റില്‍ പദ്ധതിക്കായി 37 കോടി രൂപ വകയിരുത്തി. പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇതിനിടയിലാണ് കസ്തുരിരംഗന്‍ റിപ്പാര്‍ട്ട് പുറത്തു വന്നത്. അതോടെ ഫാക്ടറിക്കായി നടത്തിയ നീണ്ട കാത്തിരിപ്പ് ത്രിശങ്കുവിലായി. 
500-ഓളം പേര്‍ക്ക് നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതി. തെക്കെ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങളില്‍നിന്ന് കാലികളെ കൊണ്ടു വന്ന് സംസ്‌കരിച്ച് മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്‍ഡ്യയുടെ സ്റ്റാളുകള്‍ വഴി വില്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്.

അപ്പോളൊ ടയേഴ്‌സിലെ മുന്‍ തൊഴിലാളികളെ ആദരിച്ചു

Written By Unknown on Friday, 29 August 2014 | 23:07


കൊടകര : പേരാമ്പ്ര അപ്പോളൊ ടയേഴ്‌സ് സ്റ്റാഫ് ആന്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ (ഐ.എന്‍.ടി.യു.സി.) രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സെമിനാറും മുന്‍ ഭാരവാഹികളേയും റിട്ടയര്‍ ചെയ്ത എല്ലാ ജീവനക്കാരേയും ആദരിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം ചെയ്തു.
യൂണിയന്‍ ജനറല്‍ സെക്രട്ടറി കെ.എ. ജോയി അദ്ധക്ഷനായി. തൊഴില്‍ മേഘല നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തെ കുറിച്ച് നടത്തിയ സെമിനാറില്‍ സി.ഐ.ടി.യു. സംസ്ഥാന സെക്രട്ടറി എം.എം. വര്‍ഗ്ഗീസ്, ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ഗംഗാധരന്‍, എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി എ.എന്‍.രാജന്‍, അപ്പോളൊ ടയേഴ്‌സ് എച്ച്.ആര്‍.ഹെഡ് എ.എസ്. ഗിരീഷ് എന്നിവര്‍ ക്ലാസെടുത്തു. ഐ.എന്‍.ടി.യു.സി. വൈസ് പ്രസിഡന്റുമാരായ ജോണി പുല്ലന്‍, ജെസ്റ്റിന്‍ ഡൊമിനിക്, സി.ഐ.ടി.യു. ജന. സെക്രട്ടറി സി.എ. രാജീവ്, ബി.എം.എസ്. ജന. സെക്രട്ടറി സേതുമാധവന്‍, എ.ടി.ഡബ്ലിയു.എം. വര്‍ക്കിംഗ് പ്രസിഡന്റ്‌ബേബി വര്‍ഗ്ഗീസ്, ഐ.എന്‍.ടി.യു.സി. യൂണിയന്‍ ജോ. സെക്രട്ടറിമാരായ വി.എസ്. നിക്‌സന്‍, ഷൈന്‍ മുണ്ടക്കല്‍, ഡേവീസ് കോക്കാടന്‍, ട്രഷറര്‍ പോള്‍ മംഗലന്‍ എന്നിവര്‍ സംസാരിച്ചു.
രജത ജൂബിലി സമാപന സമ്മേളനം വെള്ളിയാഴ്ച വൈകീട്ട് 5ന് യൂണിയന്‍ പ്രസിഡന്റ് കെ.മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷതവഹിക്കും. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യും. തൃശൂര്‍ ഡി.സി.സി. പ്രസിഡന്റ് ഒ. അബ്ദുള്‍ റഹ്മാന്‍കുട്ടി മുഖ്യാതിഥിയാകും.

എ.എല്‍.പി.എസ്. ആലത്തൂരിലെ കുട്ടികള്‍ ഞാറ് നടീലുകാരായി


കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ കിഴുത്താണി കോട്ടുപ്പാടത്ത് ഞാറ് നടീലുകാരായി. മഹിളാകിസാന്‍ സശക്തികരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഷിക പരിശീലന പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ സമാപനദിനത്തില്‍ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ കോട്ടുപ്പാടത്ത് എത്തിയത്.
യന്ത്രവത്കൃത കൃഷിയുടെ സാധ്യതകള്‍ എത്രത്തോളം വലുതാണെന്നും, ഗ്രീന്‍ ആര്‍മിയിലെ ഊര്‍ജ്ജസ്വലരായ വനിതകളെ അടുത്തറിയാനും കുട്ടികള്‍ക്ക് സാധിച്ചു. ഞാറുനടുന്ന യന്ത്രത്തെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് സാധിച്ചു. മുഴുവന്‍ കുട്ടികളും യന്ത്രത്തില്‍ കയറി ഡ്രൈവിംഗ് സീറ്റിലിരുന്ന കാഴ്ച കാണികള്‍ക്കും കൗതുകകരമായി. യന്ത്രവത്കൃത നടീല്‍ പ്രവര്‍ത്തനങ്ങളുടെ ഘട്ടങ്ങളും, വേഗതയും, ഭംഗിയും മറ്റും കുട്ടികള്‍ കൗതുകത്തോടെ വീക്ഷിച്ച് മനസ്സിലാക്കി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.
72 വനിതകള്‍ പതിനഞ്ച് ദിവസത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്ന സമയമായതിനാല്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുവാന്‍ അവര്‍ക്ക് സാധിച്ചു. നാടന്‍ പാട്ടുകളുടെ അകമ്പടിയും, ഞാറ്റുപാട്ടിന്റെ ചേലും കൈകോര്‍ത്ത ഞാറുനടീല്‍ പ്രവര്‍ത്തനം ഉച്ചവരെ തുടര്‍ന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ഷാജു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍കുമാര്‍ എന്‍.എസ്., ഐ.ഡി. ഫ്രാന്‍സീസ് മാസ്റ്റര്‍, പഞ്ചായത്ത് പ്രതിനിധികള്‍, മെമ്പര്‍മാര്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.

അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളില്‍ റോപ്പ്‌വെ വരുന്നു


തൃശ്ശൂര്‍: വനവും പുഴയും വെള്ളച്ചാട്ടവും ഒരുപോലെ ആസ്വദിക്കുന്നതിനായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് മുകളിലൂടെ റോപ്പ്വേയ്ക്ക് പദ്ധതി. വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുകൂടി നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഈ പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.
ആറുകോടി രൂപ ചെലവില്‍ പത്ത് കാറുകളുള്ള റോപ്പ്വേയാണ് നിര്‍മ്മിക്കുക. ഒരു കാറില്‍ നാലുപേര്‍ക്ക് കയറാം. ഇങ്ങനെമണിക്കൂറില്‍ 160 യാത്രക്കാര്‍ക്ക് ഇതില്‍ കയറാന്‍ കഴിയും. പുഴയ്ക്ക് കുറുകെ 600 മീറ്റര്‍ നീളത്തിലും 30 മീറ്റര്‍ ഉയരത്തിലും വിഭാവനം ചെയ്തിരിക്കുന്ന റോപ്പ്വേ വെള്ളച്ചാട്ടത്തിന് മുന്നില്‍ 40 സെക്കന്റ് നിശ്ചലമാകും. അന്താരാഷ്ട്ര നിലവാരമുള്ള സുരക്ഷാക്രമീകരണങ്ങളുള്ള റോപ്പ്വേ വെള്ളച്ചാട്ടത്തിലേക്ക് കയറുന്ന ഭാഗത്തെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നിന്ന് തുടങ്ങും.
എതിര്‍ഭാഗത്ത് മലയാറ്റൂര്‍ വനം ഡിവിഷന്റെ കീഴിലുള്ള രണ്ടരയേക്കര്‍ ഭൂമിയിലെ ഒരു മരം പോലും മുറിക്കാതെയാകും ടവര്‍ നിര്‍മ്മിക്കുക.
പദ്ധതി സര്‍ക്കാരിന്റെ അംഗീകാരത്തിനായി നല്‍കിയതായി തുമ്പൂര്‍മുഴി-അതിരപ്പിള്ളി ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ ബി.ഡി. ദേവസ്സി എം.എല്‍.എ. പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദക്ഷിണേന്ത്യയില്‍ വെള്ളച്ചാട്ടത്തിനു മുകളിലൂടെ പോകുന്ന ആദ്യ റോപ്പവേയാകും ഇത്. പ്രായം ചെന്നവര്‍ക്കും രോഗികള്‍ക്കും ഒരുപോലെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇതുവഴി സാധ്യമാകും.
 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.