അതിരപ്പിള്ളി: പെരിങ്ങല്‍ക്കുത്ത് പവര്‍ഹൗസിലെ മൂന്നാംനമ്പര്‍ ജനറേറ്ററിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. പഴയ പവര്‍ഹൗസിലെ നാല് ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളുമാണ് മാറ്റിസ്ഥാപിക്കുന്നത്.
ഇതില്‍ ഒന്നാംനമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ ഏപ്രിലിലും രണ്ടാംനമ്പര്‍ ജനറേറ്റര്‍ കഴിഞ്ഞ ആഴ്ചയും പൂര്‍ണ്ണമായി മാറ്റിസ്ഥാപിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
നിലവില്‍ എട്ട് മെഗാവാട്ട് ൈവദ്യുതി ഉത്പാദിപ്പിക്കുന്ന ഓരോ ജനറേറ്ററും മാറ്റിസ്ഥാപിക്കുമ്പോള്‍ കൂടുതല്‍ വെള്ളം ഉപയോഗിക്കാതെ തന്നെ ഒന്‍പത് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും.
വൈദ്യുതി ഉത്പാദനത്തിന് കൂടുതല്‍ കൃത്യതയും വേഗവും നല്‍കാനായി കമ്പ്യൂട്ടര്‍ നിയന്ത്രിത സംവിധാനമായ പ്രോഗ്രാമബിള്‍ ലോജിക് കണ്‍ട്രോളര്‍ (പി.എല്‍.സി.), വൈദ്യുതി ലോഡ് ഡെസ്പാച്ച് സെന്ററില്‍നിന്ന് തന്നെ വൈദ്യുതി ഉത്പാദനം നിയന്ത്രിക്കാന്‍ സാധിക്കുന്ന സൂപ്പര്‍വൈസറി കണ്‍ട്രോളര്‍ ആന്‍ഡ് ഡാറ്റാ അക്വിസിഷന്‍ സിസ്റ്റം (സ്‌കാഡ) തുടങ്ങി ആധുനിക രീതിയിലുള്ള ഉപകരണങ്ങളും പുതുതായി സ്ഥാപിക്കുന്നുണ്ട്.
ഏകദേശം 52 കോടി രൂപയുടെ പദ്ധതിയാണ് നവീകരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയായി ഒരു വര്‍ഷത്തിനുള്ളില്‍തന്നെ മുടക്കുമുതല്‍ ലഭിക്കുമെന്നാണ് വൈദ്യുതിവകുപ്പ് അധികൃതരുടെ പ്രതീക്ഷ. 1957ല്‍ ബ്രിട്ടീഷ് കമ്പനി സ്ഥാപിച്ച ജനറേറ്ററുകളാണ് ഇപ്പോള്‍ മാറ്റിസ്ഥാപിക്കുന്നത്.



