ചാലക്കുടി: പ്രവര്‍ത്തനം തുടങ്ങി രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ചാലക്കുടി ഫയര്‍ സ്റ്റേഷെന്റ കഷ്ടതകള്‍ക്ക് അറുതിയായില്ല. ജില്ലയില്‍ 9 സ്റ്റേഷനുകള്‍ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തനമേഖല നിശ്ചയിക്കപ്പട്ട സ്റ്റേഷനാണ് ചാലക്കുടി. തമിഴ്‌നാട് അതിര്‍ത്തിയായ മലക്കപ്പാറ വരെ നീളുന്നു ഈ അഗ്നിസുരക്ഷാസേനയുടെ സേവനമേഖല. ഫയര്‍ സ്റ്റേഷനില്‍നിന്ന് മലക്കപ്പാറയിലെത്തണമെങ്കില്‍ 85-ലധികം കിലോമീറ്റര്‍ യാത്ര ചെയ്യണം.
വര്‍ഷത്തില്‍ പലപ്രാവശ്യവും മലയോരമേഖലയിലേക്ക് രക്ഷാസേനയുടെ വാഹനങള്‍ പുറപ്പെടേണ്ടി വരുന്നു. എന്നാല്‍ ചാലക്കുടിയില്‍ ആകെയുള്ളത് രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകളാണ്. ഇതില്‍ ഒന്ന് പലപ്പോഴും ഉപയോഗത്തില്‍ കിട്ടാറില്ല. മറ്റു സ്റ്റേഷനുകളിലെ സേവനത്തിനു നിശ്ചയിക്കപ്പട്ടതു കൊണ്ടോ തകരാറുകള്‍ മൂലമോ ഒരെണ്ണം ഉപയോഗത്തിനുണ്ടാവാറില്ല. 38 ജീവനക്കാരാണ് ഇവിടെ വേണ്ടത്. ഇതില്‍ 18 തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.
പീരുമേട് സ്റ്റേഷന്‍മാസ്റ്റര്‍ക്കാണ് ചാലക്കുടിയുടെ ചാര്‍ജ്. ഫയര്‍സ്റ്റേഷനു സ്വന്തമായി ആംബുലന്‍സോ ജീപ്പോ ഇല്ല. ദുരന്തങ്ങളോ അപകടങ്ങളോ ഉണ്ടാകുമ്പോള്‍ മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. വാടകക്കെട്ടിടത്തിലാണ് അഗ്നി രക്ഷാസേനയുടെ പ്രവര്‍ത്തനം. ഇതിന്റെ പലഭാഗങ്ങളും ചോര്‍ന്നൊലിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ജാഗരൂഗരായിരിക്കുന്ന ജീവനക്കാര്‍ക്ക് കിടക്കാന്‍ പോലും ഇടമില്ല. ചോര്‍ന്നൊലിക്കുന്ന മുറിയിലാണ് കിടപ്പ്. കക്കൂസും കുളിമുറിയും തകര്‍ന്നു വീഴാറായ നിലയിലാണ്. മുന്‍സിപ്പാലിറ്റിയുടെതാണ് സ്ഥലവും കെട്ടിടവും. ഫയര്‍സ്റ്റേഷന് പുതിയസ്ഥലം നല്‍കണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ഒടുവില്‍ ക്രിമറ്റോറിയത്തിന് സമീപമാണ് നഗരസഭ സ്ഥലം അനുവദിച്ചത്. ഇത് യോജിച്ച സ്ഥലമല്ലെന്നാണ് കണ്ടെത്തല്‍. തുടര്‍ന്ന് കോടതിക്ക് സമീപമുള്ള സര്‍ക്കാര്‍ വക ഭൂമിക്കായി ശ്രമം തുടങ്ങി. ദേശീയപാത വികസനത്തിനായി ഈ ഭൂമി ഉപയോഗപ്പെടുത്താനാണ് തീരുമാനം. ഇതു മൂലം ഈ സ്ഥലവും ലഭ്യമല്ലെന്ന് പറയുന്നു.
'റീഫ്രാക്ടറീസി'ന്റെ ഭൂമി താലൂക്ക് ഓഫീസിനായി നഗരസഭ വിട്ടു നല്‍കുേമ്പാള്‍ അതില്‍ 50 സെന്റ് ഭൂമി ഫയര്‍സ്റ്റേഷനായി നല്‍കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ലാന്‍ഡ് റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്. നഗരസഭ പച്ചക്കൊടി കാട്ടിയാലെ ഇതിലും തീരുമാനം ഉണ്ടാകു.


