Home » » കൊടകര കുംഭാരത്തെരുവിലെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന്‍ നിര്‍മ്മാണം തകൃതി

കൊടകര കുംഭാരത്തെരുവിലെ കുടുംബങ്ങളില്‍ തൃക്കാക്കരയപ്പന്‍ നിര്‍മ്മാണം തകൃതി

Written By Unknown on Wednesday 3 September 2014 | 02:45


കൊടകര: ഓണമടുത്തതോടെ, തിരുവോണപ്പുലരിയില്‍ മുറ്റത്ത് തൂശനിലയില്‍ അണിയിച്ചൊരുക്കാനുള്ള തൃക്കാക്കരയപ്പനുകളുടെ നിര്‍മ്മാണവും വില്പനയും കൊടകര കുംഭാരത്തെരുവില്‍ തകൃതിയാണ്. കളിമണ്‍പാത്രനിര്‍മ്മാണം നടത്തുന്നവര്‍ ഇപ്പോള്‍ ഇവിടെ കുറവാണെങ്കിലും തൃക്കാക്കരയപ്പന്‍ നിര്‍മ്മാണത്തില്‍ മുപ്പതോളം കുടുംബങ്ങള്‍ ഇപ്പോഴും സജീവമാണ്. 
കര്‍ക്കടകം മുതലേ ഓണവിപണിയിലേക്കുള്ള കളിമണ്‍രൂപങ്ങളുടെ പണി ഇവര്‍ തുടങ്ങും. കുട്ടികളും മുതിര്‍ന്നവരും ഈ വീടുകളില്‍ ഓണക്കാലത്തെ നിര്‍മ്മാണങ്ങളില്‍ ഒത്തൊരുമിക്കും. ആറിഞ്ച് മുതല്‍ രണ്ടരയടി വരെ ഉയരമുള്ള തൃക്കാക്കരയപ്പനുകള്‍ ഇവര്‍ ഒരുക്കുന്നുണ്ട് . 20 രൂപ മുതല്‍ 300 രൂപവരെ വലുപ്പത്തിനനുസരിച്ച് വിലയും പലതാണ്. കുംഭാരസമുദായക്കാരായ സ്ത്രീകളാണ് ഓണക്കാലത്ത് തൃക്കാക്കരയപ്പന്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെടുന്നത്. ഓട്ടുകമ്പനിയില്‍നിന്നും കളിമണ്ണ് വാങ്ങിക്കൊണ്ടുവന്നാണ് നിര്‍മ്മാണം. കളിമണ്ണുകുഴച്ച് പരുവപ്പെടുത്തി തൃക്കാക്കരയപ്പനുകള്‍ ഉണ്ടാക്കി, ഉണക്കിയെടുത്ത ശേഷം നിറം കൊടുക്കും. പണ്ടൊക്കെ ഓട്, ഇഷ്ടിക എന്നിവ പൊടിച്ചാണ് കളറുണ്ടാക്കിയിരുന്നത്. ഇന്ന് കടയില്‍നിന്നും വാങ്ങുന്ന ചായവും ഉപയോഗിക്കുന്നു. കൊടകരയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും വഴിയോരത്തും ഇവര്‍ നിര്‍മ്മിച്ച തൃക്കാക്കരയപ്പന്റെ വില്പനയും അത്തം നാള്‍ മുതലേ ആരംഭിച്ചു കഴിഞ്ഞു.
തൃശ്ശൂരിലും ഇരിഞ്ഞാലക്കുടയിലും കോടാലിയിലും വിപുലമായ വിപണന മേളകളിലും തങ്ങളുടെ തൃക്കാക്കരയപ്പനുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കുംഭാരത്തെരുവിലെ പുത്തന്‍വീട്ടില്‍ ശിവദാസന്‍ പറഞ്ഞു. പുതിയ ഡിസൈനുകള്‍ വരച്ചും നിറം കൊടുത്തും ഇക്കുറി ആകര്‍ഷകമായ തൃക്കാക്കരയപ്പനുകള്‍ ഇവര്‍ ഓണവിപണിയിലെത്തിക്കുന്നു.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.