Home » » എട്ടേക്കറില്‍ സപ്തതിയിലും പൊന്ന് വിളയിച്ച് ചാക്കുണ്ണി

എട്ടേക്കറില്‍ സപ്തതിയിലും പൊന്ന് വിളയിച്ച് ചാക്കുണ്ണി

Written By Unknown on Sunday 24 August 2014 | 23:03


കൊരട്ടി: പൈതൃകമായി കിട്ടിയ കൃഷിഭൂമിയെ എഴുപതാം വയസ്സിലും നിറവിളവാക്കുകയാണ് ആറ്റപ്പാടത്തെ ചാമക്കാല ചാക്കുണ്ണിച്ചേട്ടന്‍. 
ഒരിഞ്ച് ഭൂമിപോലും തരിശില്ലാത്ത എട്ടേക്കറാണ് മുരിങ്ങൂര്‍ ചാക്കുണ്ണി വെള്ളവും വളവും പരിചരണവും നല്‍കി വിളനിലമാക്കുന്നത്. നാടന്‍ വിഭവങ്ങള്‍ മുതല്‍ വിദേശികള്‍ ഇഷ്ടപ്പെടുന്ന മങ്കോസ്റ്റിന്‍ വരെ എട്ടേക്കറില്‍ വളരുന്നു. അതിരാവിലെ മുതല്‍ ദിനചര്യപോലെ കൃഷിയിടത്തിലിറങ്ങുന്ന എഴുപതുകാരന് ദൂരെനിന്നാലറിയാം ഓരോ വിളയുടെയും തളര്‍ച്ചയും വളര്‍ച്ചയും. കൃഷിയിടത്തില്‍ കര്‍ക്കശക്കാരനായതിനാലാകും ചുറ്റുവട്ടത്തുള്ള കൃഷിനാശങ്ങളോ രോഗ കീടങ്ങളോ ചാക്കുണ്ണിച്ചേട്ടന്റെ കൃഷിയിടത്തിലേക്ക് എത്തിനോക്കാറില്ല. ചുറ്റുവട്ടത്ത് ജാതിക്കും തെങ്ങിനും റബ്ബറിനുമൊക്കെ രോഗബാധ വന്നപ്പോഴും ചാക്കുണ്ണിയുടെ കൃഷിയിടം രോഗകീടങ്ങളില്‍നിന്ന് അകന്നു നിന്നു. അതാണ് അദ്ദേഹത്തിന്റെ കാര്‍ഷികവിജയവും. 
കേരകര്‍ഷകരില്‍ പലരും തെങ്ങുകള്‍ വെട്ടിമാറ്റിയപ്പോള്‍ ഓരോ വര്‍ഷവും അമ്പത് തെങ്ങിന്‍തൈ പുതുതായി വച്ചാണ് ചാക്കുണ്ണിച്ചേട്ടന്‍ പഞ്ചായത്തിന്റെ കേരകര്‍ഷക പട്ടം സ്വന്തമാക്കിയത്. ചാക്കുണ്ണി ച്ചേട്ടന്റെ കേരകൃഷിയുടെ മികവിലാണ് കൊരട്ടി ഗ്രാമപ്പഞ്ചായത്ത് 2009ല്‍ ഗ്രീന്‍ കേരളയുടെ പത്തുലക്ഷം സമ്മാനത്തിനര്‍ഹമായത്. ലിഫ്റ്റ് ഇറിഗേഷന്‍ വഴി ജലസേചനത്തിന് സൗകര്യം നല്‍കി പഞ്ചായത്ത് ഇദ്ദേഹത്തിന്റെ അധ്വാനത്തെ ആദരിച്ചു.
അഞ്ഞൂറോളം കായ്ഫലമുള്ള ജാതിയും രണ്ടായിരം എത്തവാഴയും മൂവ്വായിരത്തോളം പലയിനം വാഴകളും വിളകള്‍ക്ക് മാതൃകയായി ഈ എട്ടേക്കറില്‍ ഉണ്ട്. കൂര്‍ക്ക, ചേമ്പ്, ചേന തുടങ്ങി വിവിധയിനം ഇട വിളകള്‍ വേറെയും. ജീവിതത്തിലെന്നപോലെ കൃഷിയിലും ചാക്കുണ്ണി ച്ചേട്ടനൊപ്പം സജീവമായി ഭാര്യ തങ്കമണിയുമുണ്ട്. ഉറ്റസുഹൃത്തും സഹായിയുമായ ഐനിക്കാടന്‍ തങ്കപ്പന്റെ സഹായം വേറെയും.
റമ്പുട്ടാന്‍, മുള്ളത്ത, സൗദി അറേബ്യന്‍ വിഭവമായ അവക്കാല, പ്ലൂവ്, മാവ് തുടങ്ങിയവയും ഈ ഭൂമിയില്‍നിന്ന് ഫലങ്ങള്‍ നല്‍കുന്നു.
പാരമ്പര്യമായി നടത്തിയിരുന്ന ബസ് സര്‍വ്വീസുകളുടെ ചുമതല സഹോദരങ്ങളെ ഏല്പിക്കുകയും ടാങ്കര്‍ ലോറികളുടെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തതോടെ റെയില്‍വേ സ്റ്റേഷനരികിലെ റേഷന്‍ കടമാത്രമാണ് കൃഷിക്കപ്പുറത്തെ ഏക ലോകം. കൃഷിയിലേക്ക് മാത്രം ഒതുങ്ങിയതോടെ ഉറക്കമില്ലാത്ത രാത്രികള്‍ക്ക് പകരം സുഖനിദ്രയും സന്തോഷവുമാണ് എടുത്തുപറയത്തക്ക നേട്ടമെന്ന് ചാക്കുണ്ണി പറയുന്നു. കൃഷിയിടത്തിലെ സംഘാടകമികവാകാം റേഷന്‍ കടക്കാരുടെ അസോസിയേഷന്‍ പ്രസിഡന്റാണ് കാലങ്ങളായി ഇദ്ദേഹം. 
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.