Home » » കാഞ്ഞിരപ്പിള്ളിയിലെ മാംസ സംസ്‌കരണഫാക്ടറിയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

കാഞ്ഞിരപ്പിള്ളിയിലെ മാംസ സംസ്‌കരണഫാക്ടറിയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍

Written By Unknown on Monday 1 September 2014 | 01:37


ചാലക്കുടി: പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളിയില്‍ നിര്‍ദ്ദിഷ്ട മാംസ സംസ്‌കരണ ഫാക്ടറിയുടെ നിര്‍മ്മാണം അനിശ്ചിതത്വത്തില്‍. ഫാക്ടറിക്കായി 1973-ല്‍ തുടങ്ങിയ പ്രവര്‍ത്തനം ഫലത്തിലെത്താന്‍ എല്ലാ സാഹചര്യങളും ഒത്തുവന്നപ്പോഴാണ് പുതിയ പ്രശ്‌നം തലപൊക്കിയത്.
കസ്തൂരിരംഗന്‍ റിപ്പാര്‍ട്ടില്‍ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥലമാണ് ഫാക്ടറിക്കായി ഏറ്റെടുത്തതെന്നതാണ് കണ്ടെത്തല്‍. പരിയാരം വില്ലേജിലാണ് കാഞ്ഞിരപ്പിള്ളി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടു പ്രകാരം പരിയാരം വില്ലേജാകട്ടെ മുഴുവനായും പരിസ്ഥിതിലോല പ്രദേശമാണ്. മാംസ സംസ്‌കരണ ഫാക്ടറി റെഡ് കാറ്റഗറി ലിസ്റ്റിലും ഉള്‍പ്പെടുന്നു. കസ്തുരി രംഗന്‍ വിഷയത്തില്‍ വ്യക്തത വന്നിട്ടേ കെട്ടിട നിര്‍മാണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനം ഇനിയുണ്ടാകുകയുള്ളുവെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്‍ഡ്യയാണ് ഇവിടെ മാംസ സംസ്‌കരണ ഫാക്ടറി നിര്‍മ്മിക്കുന്നത്. 1973-ല്‍ കൊച്ചി രാജകുടുംബത്തിന്റ വക 14.59 ഏക്കര്‍ സ്ഥലമാണ് ഫാക്ടറിക്കായി ഏറ്റെടുത്തത് .പോത്തിറച്ചി ഫാക്ടറി നിര്‍മ്മിക്കാനാണ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സാമ്പത്തിക ഞെരുക്കം ഉള്‍പ്പടെയുള്ള പല വിഷയങ്ങള്‍ ഒന്നൊന്നായി വന്നപ്പോള്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത് നീണ്ടു പോയി. 2013-ലെ ബഡ്ജറ്റില്‍ പദ്ധതിക്കായി 37 കോടി രൂപ വകയിരുത്തി. പ്രാരംഭ പ്രവര്‍ത്തനങ്ങളും തുടങ്ങി. ഇതിനിടയിലാണ് കസ്തുരിരംഗന്‍ റിപ്പാര്‍ട്ട് പുറത്തു വന്നത്. അതോടെ ഫാക്ടറിക്കായി നടത്തിയ നീണ്ട കാത്തിരിപ്പ് ത്രിശങ്കുവിലായി. 
500-ഓളം പേര്‍ക്ക് നേരിട്ടും 1000 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കുന്നതാണ് പദ്ധതി. തെക്കെ ഇന്‍ഡ്യയിലെ വിവിധ സംസ്ഥാനങളില്‍നിന്ന് കാലികളെ കൊണ്ടു വന്ന് സംസ്‌കരിച്ച് മീറ്റ് പ്രൊഡക്ട്‌സ് ഓഫ് ഇന്‍ഡ്യയുടെ സ്റ്റാളുകള്‍ വഴി വില്പന നടത്താനാണ് ലക്ഷ്യമിട്ടിരുന്നത്.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.