Home » » എ.എല്‍.പി.എസ്. ആലത്തൂരിലെ കുട്ടികള്‍ ഞാറ് നടീലുകാരായി

എ.എല്‍.പി.എസ്. ആലത്തൂരിലെ കുട്ടികള്‍ ഞാറ് നടീലുകാരായി

Written By Unknown on Friday 29 August 2014 | 23:05


കൊടകര : എ.എല്‍.പി.എസ്. ആലത്തൂരിലെ വിദ്യാര്‍ത്ഥികള്‍ കിഴുത്താണി കോട്ടുപ്പാടത്ത് ഞാറ് നടീലുകാരായി. മഹിളാകിസാന്‍ സശക്തികരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഷിക പരിശീലന പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളെ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയുടെ സമാപനദിനത്തില്‍ ആയിരുന്നു വിദ്യാര്‍ത്ഥികള്‍ കോട്ടുപ്പാടത്ത് എത്തിയത്.
യന്ത്രവത്കൃത കൃഷിയുടെ സാധ്യതകള്‍ എത്രത്തോളം വലുതാണെന്നും, ഗ്രീന്‍ ആര്‍മിയിലെ ഊര്‍ജ്ജസ്വലരായ വനിതകളെ അടുത്തറിയാനും കുട്ടികള്‍ക്ക് സാധിച്ചു. ഞാറുനടുന്ന യന്ത്രത്തെ അടുത്തറിയാന്‍ കുട്ടികള്‍ക്ക് സാധിച്ചു. മുഴുവന്‍ കുട്ടികളും യന്ത്രത്തില്‍ കയറി ഡ്രൈവിംഗ് സീറ്റിലിരുന്ന കാഴ്ച കാണികള്‍ക്കും കൗതുകകരമായി. യന്ത്രവത്കൃത നടീല്‍ പ്രവര്‍ത്തനങ്ങളുടെ ഘട്ടങ്ങളും, വേഗതയും, ഭംഗിയും മറ്റും കുട്ടികള്‍ കൗതുകത്തോടെ വീക്ഷിച്ച് മനസ്സിലാക്കി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന്‍, വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികളെ സ്വീകരിച്ചു.
72 വനിതകള്‍ പതിനഞ്ച് ദിവസത്തെ പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്ന സമയമായതിനാല്‍ കുട്ടികളുടെ സംശയങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കുവാന്‍ അവര്‍ക്ക് സാധിച്ചു. നാടന്‍ പാട്ടുകളുടെ അകമ്പടിയും, ഞാറ്റുപാട്ടിന്റെ ചേലും കൈകോര്‍ത്ത ഞാറുനടീല്‍ പ്രവര്‍ത്തനം ഉച്ചവരെ തുടര്‍ന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.എ. ഷാജു, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സുനില്‍കുമാര്‍ എന്‍.എസ്., ഐ.ഡി. ഫ്രാന്‍സീസ് മാസ്റ്റര്‍, പഞ്ചായത്ത് പ്രതിനിധികള്‍, മെമ്പര്‍മാര്‍ തുടങ്ങി നിരവധി പേര്‍ സന്നിഹിതരായിരുന്നു.
Share this article :

 
Copyright © 2014. Chalakudy.net - All Rights Reserved
Proudly powered by entero
Powered by Blogger.